Hero Image

പക്ഷിപ്പനി: ഇറച്ചിയും മുട്ടയും കഴിക്കാമോ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

കേരളത്തിൽ ആലപ്പുഴയിൽ പക്ഷിപ്പനിയുടെ വ്യാപനം സ്ഥിരീകരിച്ചതോടെ ചിക്കൻ, മുട്ട എന്നിവയുടെ ഉപഭോഗം സുരക്ഷിതമാണോ എന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്. രോഗം ബാധിച്ച ഇടങ്ങളിൽ കോഴിയെ കശാപ്പ് ചെയ്യുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടു കൂടിയാണ് ഒരു മുൻകരുതൽ എന്നോണം രോഗ ബാധയുള്ള പ്രദേശങ്ങളിലെ മുഴുവൻ കോഴിക്കടകളും പൂർണമായി അടച്ചിടാൻ സർക്കാർ തലത്തിൽത്തന്നെ ഉത്തരവ് നൽകിയിട്ടുള്ളത്.

പച്ചമുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടായേക്കാമെന്നതിനാൽ പച്ചമുട്ട ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം. അതുപോലെ തന്നെയാണ് പാതി വെന്ത (ഹാഫ് ബോയ്ൽഡ്), ‘ബുൾസ് ഐ’ പോലുള്ള വിഭവങ്ങളും. മുട്ട ഉപയോഗിച്ചുള്ള പാചകങ്ങൾക്ക് ശേഷം കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക. മുട്ടയിൽനിന്നും പാലിൽ നിന്നുമുള്ള പക്ഷിപ്പനിയുടെ വ്യാപനസാധ്യത വളരെ കുറവാണെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

രോഗബാധിതരായ പക്ഷികളുമായോ അവയുടെ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പക്ഷിപ്പനി പകരുന്നത്. ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അടുത്തിടെ അമേരിക്കയിലെ ടെക്സസിൽ, പശുവിൽ നിന്നും മനുഷ്യനിലേക്ക് ബാധിച്ച ആദ്യത്തെ H5N1 പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

READ ON APP